Friday, August 14, 2020

സ്വൂഫികൾ നയിച്ച യുദ്ധങ്ങൾ

 ‎‎       

 ☪️ സ്വൂഫി ധാര-110 ☪️

സ്വൂഫികൾ നയിച്ച യുദ്ധങ്ങൾ


സ്വൂഫിയാക്കളെ കുറിച്ച് അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ സമരത്തിന് പോവാതെ ചടഞ്ഞ് കൂടിയിരിക്കുന്നവരാണെന്ന് ആക്ഷേപം ഉയരുന്നു. എന്താണ് സത്യാവസ്ഥ? നിഷ്പക്ഷമതികളായ ചരിത്ര വായനക്കാര്‍ക്ക് അവര്‍ പാതിരാ പ്രാര്‍ത്ഥനക്കാരും പകല്‍ പോരാളികളുമാണെന്ന് വ്യക്തമാകും. 

സ്വഹാബത്ത് കഴിഞ്ഞാല്‍ ആ യുഗത്തോട് ഏറ്റവും കൂടുതല്‍ സാമ്യത പുലര്‍ത്തി ജീവിക്കുന്നവരാണ് സ്വൂഫികള്‍. രണാങ്കണത്തില്‍ വീരശൂര പരാക്രമികളും മിഹ്റാബുകളില്‍ ഭക്തി സാന്ദ്രമായ പ്രാര്‍ത്ഥന നടത്തുന്ന നിരവധി സ്വൂഫികളെ പരിചയപ്പെടാനുണ്ട്. അതില്‍ പ്രധാനികളാണ് ശൈഖ് അബ്ദുല്‍കരീമില്‍ ഖത്വാബി,

 ശൈഖ് അബ്ദുല്‍കരീം അല്‍ ജസാഇരി, ഉമര്‍ മുഖ്താര്‍. 

താര്‍ത്താരികളോടുള്ള യുദ്ധങ്ങളിലും കുരിശ് യുദ്ധങ്ങളിലും സ്വൂഫികള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. 

താബിഉകളില്‍ ഏറ്റവും ശ്രദ്ധേയരായ സ്വൂഫികള്‍ എട്ട് പേരാണ്. അതില്‍ പ്രധാനിയാണ് ഉവൈസുല്‍ ഖറനി (റ). ഉമര്‍ (റ) ന്‍റെ ഭരണകാലത്ത് ആദര്‍ ബീജാനില്‍ യുദ്ധത്തിന് നേതൃത്വം വഹിച്ച് മടങ്ങി വരുമ്പോള്‍ വഴിയില്‍ വെച്ചാണ് മഹാനുഭാവന്‍ വഫാത്താകുന്നത്.

 സ്വൂഫിയാക്കളുടെ കൂട്ടത്തില്‍ ഉന്നത സ്ഥാനീയരാണ് ഹസന്‍ ബസ്വരി (റ) എന്ന താബിഅ്. അദ്ദേഹം പറയുമായിരുന്നു: "എഴുപത് ബദ്രീങ്ങളെ കാണാനും അവര്‍ക്ക് പിറകില്‍ നിന്ന് നിസ്കരിക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. അവരുടെ വസ്ത്രം രോമ വസ്ത്രമല്ലാതെ മറ്റൊന്നുമായിരുന്നില്ല. നിങ്ങള്‍ അവരെ കണ്ടിരുന്നുവെങ്കില്‍ ഭ്രാന്തരാണെന്ന് പറയുമായിരുന്നു. 

ഇമാം അബൂത്വാലിബുല്‍ മക്കി (റ) പറയുന്നുണ്ട്: സ്വൂഫിയാക്കളുടെ സരണിക്ക് വഴി തെളിയിച്ചതും ജിഹ്വ ഉയര്‍ത്തിയതും അന്തര്‍തലം മുങ്ങിപ്പരതിയതും ഈ താബിആയ ഹസൻ ബസ്വരി (റ) ആയിരുന്നു.

അബ്ദുറഹ്മാന് ബ്നു സമുറയോടൊപ്പം കാബൂളില്‍ യുദ്ധത്തിന് പങ്കെടുത്തിട്ടുണ്ട്. അലി (റ) വിന്‍റെ ഉപദേശ പ്രകാരം വഅ്ളും ദര്‍സും നടത്തി ഇസ്ലാമിന്‍റെ തനതായ ശൈലി സമൂഹത്തിന് മുമ്പില്‍ പ്രബോധനം നടത്തിയ പണ്ഡിത പ്രഭുവാണ് അദ്ദേഹം. 

ഹിജ്റ രണ്ടാം നൂറ്റാണ്ടിലും യുദ്ധമുഖത്ത് സ്വൂഫികളെ കാണാം. അതില്‍ പ്രധാനിയാണ് ഇബ്റാഹിം ബ്നു അദ്ഹം (റ). ധീരനായ പോരാളിയും മുസ്ലിം പട്ടാളത്തിന്‍റെ കമാന്‍ഡറും ബീസന്‍ത്വീനിയ്യക്കെതിരില്‍ യുദ്ധം നയിച്ച മഹാനുമാണെന്ന് ഇബ്നു അസാകിര്‍ (റ) പറയുന്നുണ്ട്. 

ഇബ്നു കസീറും യാഖൂതുല്‍ ഹമവിയും പറയുന്നതായി കാണാം. "ഹിജ്റ 162 ല്‍ റോം കടല്‍ത്തീരത്ത് ശത്രുവിനെതിരെ അമ്പെടുത്ത് തയ്യാറായി നില്‍ക്കുമ്പോഴാണ് വഫാത്താകുന്നത്. 

അതുപോലെ സ്വൂഫികളില്‍ പ്രധാനിയാണ് അബ്ദുല്ലാഹി ബ്നു മുബാറക് (റ). മാതൃകാപരമായ ജീവിതം. ഒരു വര്‍ഷം യുദ്ധം, ഒരു വര്‍ഷം ഹജ്ജ്, ഒരു വര്‍ഷം കച്ചവടം, യുദ്ധ പോരാളികള്‍ക്ക് ആവേശം നല്‍കുന്ന രീതിയില്‍ ആദ്യമായി ഗ്രന്ഥരചന നടത്തിയ മഹാനാണ്. 


മൂന്നാം നൂറ്റാണ്ടിലും പോരാളികളില്‍ സ്വൂഫീ സാന്നിദ്ധ്യം സജീവമാണ്.

 

തുര്‍ക്കികളുമായുള്ള യുദ്ധത്തില്‍ പങ്കെടുത്ത ഹാതമുല്‍ അസമ്മ് (റ) ഇവരില്‍ പ്രധാനിയാണ്. അബൂ യസീദില്‍ ബിസ്ത്വാമി(റ)യാണ് മറ്റൊരാള്‍. അതിര്‍ത്തി സൈനിക ക്യാമ്പില്‍ ഇവരുണ്ടായിരുന്ന കാലത്ത് രാത്രി നിതാന്ത ജാഗ്രതയോടെ നിലനില്‍ക്കും. മഹാനവര്‍കളുടെ ഒരു വചനം "40 വര്‍ഷമായിട്ട് ഒന്നുകില്‍ പള്ളിയുടെ ചുമര്‍, അല്ലെങ്കില്‍ സൈനിക ക്യാമ്പിലെ ചുമരിലേക്കല്ലാതെ ചാരിയിരുന്നിട്ടില്ല". 

 റോം യുദ്ധങ്ങളില്‍ പങ്കെടുത്തിരുന്ന സ്വൂഫീവര്യനായിരുന്ന സിര്‍റിസ്സ്വിഖ്ത്വി (റ), ഇമാം ജുനൈദുല്‍ ബഗ്ദാദി (റ) ഉന്നത പോരാളിയായിരുന്നു. യുദ്ധങ്ങളില്‍ പങ്കെടുത്തു. അന്നത്തെ സൈനിക തലവന്‍ സ്റ്റേപ്പന്‍റ് കൊടുത്തയച്ചപ്പോള്‍ ഞാന്‍ അതിനെ വെറുക്കുന്നു എന്ന് പറഞ്ഞു. ഇങ്ങനെ ഇസ്ലാമിക യുദ്ധ മുഖത്ത് സ്വൂഫികളുടെ സാന്നിദ്ധ്യം സജീവമാണ്. 

കുരിശുയുദ്ധവും താര്‍ത്താരികളും

കുരിശു യുദ്ധ ജേതാക്കള്‍ സ്വൂഫികളുടെ തണലിലായിരുന്നു യുദ്ധം നയിച്ചത്. ഇസ്ലാമിക യുദ്ധ ചരിത്രത്തില്‍ തിളങ്ങുന്ന യുദ്ധ കമാന്‍ഡറായിരുന്നു നൂറുദ്ദീന്‍ മഹ്മൂദ് സിന്‍കി (റ). യുദ്ധത്തിന് പോകുമ്പോള്‍ അന്നത്തെ സ്വൂഫികളെ വിളിച്ചുവരുത്തി തന്‍റെ ഇരുപ്പിടത്തില്‍ ഇരുത്തും. അവര്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് പുറപ്പെടും. അതില്‍ പ്രധാനിയാണ് ഹയാത്ത് ബ്നു ഖൈസുല്‍ ഹര്‍റാനി (റ). ശൈഖ് ഇമാമുദ്ദീന്‍ അബുല്‍ഫത്ഹ്, ഇബ്നു സ്വാബൂനി (റ).

നൂറുദ്ദീന്‍ മഹ്മൂദ് സിന്‍കിക്ക് പിറകെ മദ്ധ്യ പൗരസ്ത്യ ദേശം കണ്ട വലിയ സ്വൂഫിയാണ് സ്വലാഹുദ്ദീനില്‍ അയ്യൂബി (റ). ഈജിപ്തിലും ഡമസ്ക്കസിലും ഖാന്‍ഖാഹുകള്‍ സ്ഥാപിച്ചു. താന്‍ വരിച്ച യുദ്ധവിജയങ്ങളില്‍ ഏറ്റവും വലുത് ഹിജ്റ 583 റജബ് 27 നായിരുന്നു. 

കുരിശ് യുദ്ധത്തിലെന്ന പോലെ താര്‍ത്താരികള്‍ക്കെതിരില്‍ നടന്ന യുദ്ധങ്ങളിലും സ്വൂഫീ സാന്നിദ്ധ്യം സജീവമാണ്. അവരില്‍ പ്രധാനിയാണ് അബുല്‍ ഹസനുശ്ശാദുലിയും അവിടുത്തെ സ്വൂഫി സംഘവും. ഹിജ്റ 656 ല്‍ അബ്ബാസിയ്യ ഖിലാഫത്തിനെ തകര്‍ത്തെറിഞ്ഞ താര്‍ത്താരികള്‍ക്കെതിരെ 658 റമളാന്‍ 27 ന് ശാമിലെ 'ഐന്‍ ജാലൂത്ത്' യുദ്ധത്തില്‍ വെച്ച് കീഴടക്കി അന്നത്തെ പടനായകനായിരുന്നു സൈഫുദ്ദീന്‍ ഖതസ് (റ). ഇവരുടെ ഉസ്താദാണ് സുല്‍ത്താനുല്‍ ഉലമ ഇസ്സ് ബ്നു അബ്ദിസ്സലാം. 

ആധുനിക യുഗത്തില്‍ സൂഫി സാന്നിദ്ധ്യം യുദ്ധമുഖത്ത് ഒട്ടും കുറവല്ല. മൊറോക്കോവില്‍ അബ്ദുല്‍ കരീം അല്‍ മഅ്റബി, അള്‍ജീരിയ്യയില്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ജസാഇരി. ഫ്രാന്‍സിന്‍റെ അധിനിവേശ മോഹങ്ങള്‍ക്കെതിരെ പോരാടിയ ഉമര്‍ മുഖ്താര്‍. ഇങ്ങനെ സ്വൂഫികളുടെ ചരിത്രം വിശാലമാണ്.

ഇന്ത്യയിലെ പ്രശസ്ത കവിയായ അല്ലാമാ ഇഖ്ബാൽ സ്വൂഫികളെ സംബന്ധിച്ച് പറയുന്നത് : സ്വൂഫിയാക്കളും അവരുടെ പ്രബോധനവും ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യാ രാജ്യം ഉണങ്ങിപ്പോകുമായിരുന്നു എന്നാണ്.

ഇബ്നു തൈമിയ്യയും ശിഷ്യൻ ഇബ്നുൽ ഖയ്യിമിൽ ജൗസിയും സ്വൂഫിയാക്കളെ പ്രശംസിക്കുന്നതിൽ ഒട്ടും പിറകിലല്ല .തന്റെ ഫതാവയുടെ 10, 11 വാള്യങ്ങളിൽ പേരടുത്ത് പറഞ്ഞ് തന്നെ സ്വൂഫികളെ വാഴ്ത്തുന്നുണ്ട്.

ഇബ്നുൽ ഖയ്യിമിൽ ജൗസി സ്വൂഫിയാക്കളെ മൂന്നായി തിരിക്കുന്നുണ്ട്. അതിൽ മൂന്നാമത്തെ വിഭാഗം യഥാർത്ഥ സ്വൂഫികളാണന്നും കർമശാസ്ത്ര പണ്ഡിതരും വിശ്വാസ ശാസ്ത്രം ചർച്ച ചെയ്യുന്നവരും തല ചായ്ച്ച് കൊടുത്ത വിഭാഗമാണന്നും പറഞ്ഞിട്ടുണ്ട്.

സ്വൂഫിയാക്കളുടെ അവിശ്രമ പരിശ്രമവും അവര്‍ സമൂഹത്തിന് സമര്‍പ്പിച്ച നീതിനിഷ്ഠമായ സമീപനങ്ങളും പ്രബോധന മണ്ഡലങ്ങളില്‍ സമര്‍പ്പിച്ച നിസ്തുലമായ സംഭാവനകളും പറഞ്ഞാല്‍ ഒടുങ്ങാത്തതാണ്. അവര്‍ക്കെതിരില്‍ ആക്ഷേപങ്ങളുടെ കൂരമ്പുകള്‍ തൊടുത്തു വിടുന്നവര്‍ സ്വൂഫിയാക്കളുടെ ഉമ്മരപ്പടിയിലിരുന്ന് ചരിത്രം വായിക്കണം. അപ്പോള്‍ അറിയാം അവരുടെ നീതിനിഷ്ഠമായ സമീപനങ്ങള്‍......

തയ്യാറാക്കിയത് : ഹസൻ ഇർഫാനി എടക്കുളം

No comments:

Post a Comment