Monday, August 10, 2020

സ്വൂഫിസത്തിൻ്റെ അനിവാര്യത

‎‎         ☪️ സ്വൂഫി ധാര-   007 ☪️

        അടിമകളോടുള്ള അല്ലാഹുവിന്റെ വിധിവിലക്കുകൾ രണ്ടു തലത്തിലാണുള്ളത് . ഒന്നു ശാരീരികവും മറ്റേത് മാനസികവും. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ഹൃദയസംബന്ധിയായ വിധി വിലക്കുകളാണ് . കാരണം  എല്ലാറ്റിന്റെയും ഉത്ഭവം ഹൃദയമാണല്ലോ?. ഹൃദയം നന്നായാൽ എല്ലാം നന്നായി. നബി (ﷺ) പറഞ്ഞു. “നിശ്ചയം ശരീരത്തിൽ ഒരു മാംസ പിണ്ഡമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നായി അതു മോശമായാൽ ശരീരം മുഴുവൻ മോശമായി, അറിയുക അതത്രെ ഹൃദയം, ( ബുഖാരി ).*

        ഇതുകൊണ്ടാണ് തിരു നബി (ﷺ) പ്രാരംഭ ദശയിൽ അനുയായികളുടെ ഹൃദയ ശുദ്ധീകരണത്തിൽ സജീവ ശ്രദ്ധ പതിപ്പിച്ചത്. അല്ലാഹുവിന്റെ നോട്ടം ഹൃദയത്തിലേക്കാണെന്നും ബാഹ്യരൂപഭാവങ്ങളിലേക്കല്ലെന്നും തിരു നബി(ﷺ) ഉത്ബോധിപ്പിച്ചു . ബാഹ്യകർമ്മങ്ങളുടെ ഉത്ഭവ കേന്ദ്രമായ ഹൃദയത്തിന്റെ നന്മയിലധിഷ്ഠിതമാണ് അടിമയുടെ ആത്യന്തിക വിജയമെന്ന് മനസ്സിലാക്കുമ്പോൾ ആ ഹൃദയത്തിന്റെ സംസ്കരണത്തിന് കഠിനാദ്ധ്വാനം ചെയ്യൽ അനിവാര്യമായിത്തീരുന്നു .

        അല്ലാഹു നിരോധിച്ച ദുഷിച്ച വിശേഷണങ്ങളിൽ നിന്ന് ഹൃദയത്തെ ശുദ്ധീകരിക്കുകയും ഉത്തമ വിശേഷണങ്ങളാൽ ഹൃദയത്തെ അലങ്കരിക്കുകയും ചെയ്തവൻ വിജയിച്ചു . അല്ലാഹു പറയുന്നു “സുരക്ഷിത ഹൃദയവുമായി അല്ലാഹുവിന്റെടുത്ത് ചെന്നവനൊഴികെ സന്താനങ്ങളോ സമ്പത്തോ യാതൊരു വിധത്തിലും ഉപകാരപ്പെടാത്ത ദിവസം"

*ഇമാം ജലാലുദ്ദീൻ സുയൂഥി ( റ ) പറയുന്നു “ ഹൃദയാവസ്ഥകളെക്കുറിച്ചുള്ള വിജ്ഞാനവും, അസൂയ, അഹന്ത, ലോകമാന്യത തുടങ്ങി അതിന്റെ രോഗങ്ങളെ സംബന്ധിച്ചുള്ള അറിവും ഫർള് ഐൻ ( വ്യക്തിഗത ബാധ്യത ) ആണെന്നാണ് ഇമാം ഗസ്സാലി ( റ ) പറഞ്ഞിട്ടുള്ളത് (അൽ അശ് ബാഹു വന്നളാഇർ )*

*ഇമാം ഗസ്സാലി ( റ ) തന്റെ വിശ്വവിഖ്യാതമായ ഇഹ്യാ ഉലൂമിദ്ദീനിലെ റുബ്ഉൽ മുഹ് ലികാത്ത് ( മനുഷ്യനെ നശിപ്പിച്ചുകളയുന്ന കാര്യങ്ങൾ ) എന്ന ഭാഗത്ത് ഹൃദയത്തെ നശിപ്പിക്കുന്ന രോഗങ്ങളെ പരാമർശിച്ചതിന് ശേഷം പറയുന്നു . ഇത്യാദി ദുസ്സ്വഭാവങ്ങളിൽ നിന്ന് ഒരു മനുഷ്യനും ഒഴിവാകുന്നതല്ല . അതിനാൽ, തന്നെ സംബന്ധിച്ച് ആവശ്യമുള്ളതെന്തോ അത് പഠിക്കൽ അവന് നിർബന്ധമായിത്തീരും . ഈ മോശമായ വിശേഷണങ്ങൾ ഹൃദയത്തിൽ നിന്ന് നിർമ്മാർജനം ചെയ്യൽ വ്യക്തിഗത ബാധ്യതയാകുന്നു.*

 *ഓരോന്നിന്റെയും നിർവ്വചനങ്ങൾ, കാരണങ്ങൾ, ലക്ഷണങ്ങൾ, അവയുടെ ചികിത്സ എന്നിവ ഗ്രഹിക്കുക വഴി മാത്രമേ അത് സാധ്യമാകൂ. കാരണം തിൻമ എന്താണെന്നറിയാത്തവൻ അതിൽ അതപതിച്ചു പോകുന്നതാണ് "*

*ചിലപ്പോൾ ഒരാൾക്ക് താൻ രോഗബാധിതനാണെന്ന തിരിച്ചറിവ് ലഭിക്കാതെ പോയേക്കാം. അപ്പോൾ താൻ ആരോഗ്യവാനാണെന്ന മിഥ്യാധാരണയിലായിരിക്കും അയാൾ ജീവിക്കുക . യഥാർത്ഥത്തിൽ മാരകമായ രോഗങ്ങളുടെ പിടിയിലായിരിക്കും അയാൾ.*

 ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ തന്റെ രോഗങ്ങളെക്കുറിച്ച് ബോധവാനാകാനും അവയിൽ നിന്ന് മോചനം നേടി യഥാർത്ഥ ഹൃദയാരോഗ്യം കരസ്ഥമാക്കാനും എന്താണ് വഴി ?, അവിടെയാണ് തസ്വവുഫ് (സ്വൂഫിസം )പ്രസക്തമാകുന്നത്. ജിവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ പ്രകടമാകുന്ന മനസ്സിന്റെ മാലിന്യങ്ങളിലും മ്ലേച്ഛതകളിലും നിന്ന് മനുഷ്യന്റെ അന്തരംഗം തെളിയിച്ചെടുക്കാൻ തസ്വവ്വുഫ് കൂടിയേ തീരൂ. മനസ്സിന്റെ മേച്ഛതകളിൽ നിന്ന് അന്തരംഗത്തെ സ്ഫുടം ചെയ്തെടുക്കുന്നത് എങ്ങനെ എന്ന് ഗ്രഹിക്കാനുതകുന്ന വിജ്ഞാന ശാഖയാണ് തസ്വവുഫ്.

     മനസ്സിന്റെ ന്യൂനതകളും ദുർവിശേഷണങ്ങളും നിരവധിയുണ്ട് . ആ ന്യൂനതകൾ എന്തെല്ലാമെന്നും അവയുടെ ചികിത്സയുടെ പ്രായോഗിക രീതി എങ്ങനെയെന്നും തസ്വവ്വുഫിലൂടെ അറിയാം. മാനസികമായ ന്യൂനതകളെ മറികടക്കാനും ദുർ വിചാരങ്ങളും ദുഷിച്ച വിശേഷണങ്ങളും വിപാടനം ചെയ്ത് ഹൃദയപരിശുദ്ധി നേടാനും ഈ വിജ്ഞാനശാഖ പ്രയോഗവൽക്കരിക്കുന്നതിലൂടെ സാധ്യമാകും.

        തസ്വവുഫിന്റെ അനിവാര്യത വ്യക്തമാക്കി  ഇമാം ഗസ്സാലി ( റ ) മുന്നറിയിപ്പ് നൽകുന്നു സ്വൂഫികളുമായി ബന്ധപ്പെടൽ ഫർള് ഐൻ ആകുന്നു...

   ഇമാം ശാദുലി ( റ ) പറയുന്നു . "നമ്മുടെ അധ്യാത്മിക വിജ്ഞാന ശാസ്ത്രത്തിൽ പ്രവേശിക്കാത്ത വൻ , താനറിയാത്തവിധം വൻദോഷങ്ങളിലകപ്പെട്ട് പോകുന്നതും അങ്ങനെ അവയിൽ ആപതിച്ച് പോകുന്നതുമായിരിക്കും...

 ശാരീരിക രോഗങ്ങൾക്ക് സ്വയം ചികിത്സ അപകടമാണെന്നിരിക്കെ, അതീവ സൂക്ഷ്മതയോടെ ചികിത്സിക്കേണ്ട ഹൃദയ രോഗങ്ങൾക്ക് സ്വയം ചികിത്സ അത്യന്തം അപകടകരമാണെന്ന് പറയേണ്ടതില്ലല്ലോ? ആയതിനാൽ ഹൃദയ ചികിത്സാ ശാസ്ത്രത്തിൽ അഗ്രഗണ്യനായ ഒരു ഭിഷഗ്വരന് വിധേയപ്പെടലാണ് ആത്മ സംസ്കരണ രംഗത്തും ഫലപ്രദം. അവരാണ് സ്വൂഫി ഗുരുക്കൾ, അറിയുക, തസ്വവുഫ് കേവലം അധരവ്യായാമങ്ങളല്ല, മറിച്ച് അനുഭവങ്ങളും അവസ്ഥകളുമാണ്. സൂഫികൾ അവകാശവാദങ്ങളുടെ വക്താക്കളല്ല... പ്രായോഗിക മാർഗദർശകരാണ്...

നാഥൻ യഥാർത്ഥ സ്വൂഫിസം മനസ്സിലാക്കി ഗുരുവിൽ ലയിക്കാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ...

തയ്യാറാക്കിയത് : ഹസൻ ഇർഫാനി എടക്കുളം


No comments:

Post a Comment