Saturday, August 8, 2020

വാജിബാത്ത് മാല

അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന *അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും)* എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന *അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ* എഴുതിയ വിശദീകരണത്തിൽ നിന്ന് :
✦•┈•✦•┈•✦•┈•✦•┈•✦•┈•✦
 വാജിബാത്ത് മാല -103
⊱⋅─────⊱◈◈◈⊰─────⋅⊰

بسم الله الرحمن الرحيم
 
""തരം തിരിത്ത് ഉരത്തുള്ള അസ്വ് ൽ ആറാണ് എനിയത്തെ

*ദ് അഹദായെ സ്വമദിന്ന് അബീദ കൊണ്ട് എന്നും*

*തജബ്ബുറായ് അധികാരം നടത്താം എണ്ട്*

*ഉറയ്ക്കലും ഹിദായത്തിൽ നടത്തിക്കൽ പെരിയോനിൽ*

*ഒരിക്കലും വുജൂബ് അല്ലെന്ന് അറിയലുമേ ഇതിയിൽ*

*ഉരത്തേ പോൽ അസ്വ് ലുസ്സാബിഉം തമാമേ"")*



അസ്വ് ല് ഏഴ്:

ഗുണകരമായത് നിർബന്ധമോ?

തരം തിരിച്ച് പറഞ്ഞത് ആറാമത്തെ അസ്വ് ലാണ്. ഇനി ഏകനും നിരാശ്രയനുമായ അല്ലാഹുവിന് അവൻ ഉദ്ദേശിക്കുന്നത് പോലെ അടിമകളിൽ (തജബ്ബുറായ്) എപ്പോഴും അധികാരം നടത്താമെന്ന് ഉറയ്ക്കലും അവരെ ഹിദായത്തിലാക്കൽ അല്ലാഹുവിന് ഒരിക്കലും നിർബന്ധമല്ലെന്ന് അറിയലുമാണ്. ഇതിൽ പറഞ്ഞത് പ്രകാരം ഏഴാമത്തെ അസ്വ് ലും പൂർത്തിയായി.
 
വിശുദ്ധ കലിമയുടെ മൂന്നാം ഫർള്വായ അല്ലാഹുവിന്റെ പ്രവൃത്തികൾ ബോധ്യപ്പെടൽ എന്നതിന്റെ ആറാമത്തെ അസ്വ് ലാണ് മുമ്പ് തരം തിരിച്ച് പറഞ്ഞത്. ഇനി ഏഴാമത്തെ അസ്വ് ല് ഏകനും നിരാശ്രയനുമായ അല്ലാഹുവിന് അവന്റെ ദാസന്മാരിൽ അവനിഷ്ടമുള്ളത് പോലെ എന്നും അധികാരം നടത്താമെന്ന് ഉറച്ച് വിശ്വസിക്കലും അടിമകളെ സന്മാർഗ്ഗത്തിലാക്കൽ അവന് ഒരിക്കലും നിർബന്ധമില്ലെന്ന് അറിയലുമാണ്. ഇതിൽ പറഞ്ഞതു പോലെ കലിമയുടെ മൂന്നാം ഫർള്വിന്റെ ഏഴാമത്തെ അസ്വ് ലും ഇതോടെ പൂർണ്ണമായി.

ഗുണകരമായത് ചെയ്യൽ

അല്ലാഹുവിന് യാതൊന്നും നിർബന്ധമില്ല എന്ന അഹ് ലുസ്സുന്നയുടെ ആദർശത്തിന്റെ സ്ഥിരീകരണവും അടിമകൾക്ക് നന്മയുള്ള കാര്യങ്ങൾ ചെയ്തു കൊടുക്കൽ അല്ലാഹുവിന്റെ മേൽ നിർബന്ധമാണെന്ന മുഅ്തസിലീ വാദത്തിന്റെ നിരാകരണവുമാണ് ഈ അസ്വ് ലിൽ വ്യക്തമാക്കുന്നത്. 

ഇമാം ഗസ്സാലി (റ) രേഖപ്പെടുത്തി: ""അല്ലാഹു അവന്റെ ദാസന്മാരിൽ അവനുദ്ദേശിക്കുന്നത് പ്രകാരം പ്രവർത്തിക്കുന്നതാണ.് അടിമകളുടെ നന്മയെ പരിഗണിക്കൽ അവന് നിർബന്ധമില്ല. കാരണം അല്ലാഹുവിന്റെ മേൽ യാതൊന്നും നിർബന്ധമില്ല. ഒരു വിധത്തിലും അവന്റെ മേൽ നിർബന്ധതയില്ല. അടിമകളാരും ഒരു ആരാധനയും നിർവ്വഹിച്ചില്ലെങ്കിലും അവർക്ക് സ്വർഗ്ഗപ്രവേശനം നൽകലും ഒരു തെറ്റും ചെയ്തില്ലെങ്കിലും എല്ലാവരേയും നരകത്തിൽ പ്രവേശിപ്പിക്കലും അല്ലാഹുവിന് അനുവദനീയമാണ്. അവന്റെ പ്രവൃത്തി ചോദ്യം ചെയ്യപ്പെടുകയില്ല''.

*മുഅ്തസിലീ വാദം*

അടിമകൾക്ക് ഗുണകരമായത് പ്രവർത്തിക്കലും നൽകലും അല്ലാഹുവിന് നിർബന്ധമാണെന്ന് ഭൂരിഭാഗം മുഅ്തസിലത്ത് വാദിക്കുന്നു. ദീനിയ്യായി അടിമക്ക് ഗുണകരമാണെന്ന് അറിഞ്ഞത് അവന് നൽകൽ അല്ലാഹുവിന് നിർബന്ധമാണെന്ന് അബൂ അലിയ്യുൽ ജുബ്ബാഈ വാദിച്ചു. ഇതനുസരിച്ച് കാഫിറായി മരിച്ചവനിൽ നിർബന്ധമായതിനെ അല്ലാഹു ഒഴിവാക്കിയെന്ന് വരുന്നു. കാരണം അടിമയിൽ മതപരമായി ഗുണപ്രദമാകുന്നത് മുഅ്മിനായി മരിക്കലാണല്ലോ? കാഫിറായി മരിച്ചവന് അല്ലാഹു ഗുണകരമായത് ചെയ്തിരുന്നെങ്കിൽ മുഅ്മിനായി മരിക്കുമായിരുന്നു. ഈ വാദഗതിക്കാരനായ ജുബ്ബാഈയെ തന്റെ ശിഷ്യനായിരുന്ന അബുൽ ഹസനിൽ അശ്അരി (റ) ഉത്തരം മുട്ടിച്ചത് പ്രശസ്തമാണ്. അതിങ്ങനെ മനസ്സിലാക്കാം:
 
അടിമക്ക് ഗുണകരമായത് നൽകൽ അല്ലാഹുവിന് നർബന്ധമാണെന്ന് ഉസ്താദ് അബൂ അലിയ്യിൽ ജുബ്ബാഈ എന്ന മുഅ്തസിലി പറഞ്ഞപ്പോൾ ശിഷ്യൻ അബുൽ ഹസനിൽ അശ്അരി (റ) ജുബ്ബാഇയോട് ചോദിച്ചു: അല്ലാഹുവിന് വഴിപ്പെട്ടവനായി മരിച്ചയാൾ, എതിര് ചെയ്തവനായി മരിച്ചവൻ, പ്രായപൂർത്തിയെത്താതെ മരിച്ച കുട്ടി എന്നീ മൂന്ന് പേരെ കുറിച്ച് നിങ്ങളുടെ അഭിപ്രായം? അപ്പോൾ ജുബ്ബാഈ പറഞ്ഞു: വഴിപ്പെട്ടവനായി മരിച്ചയാൾക്ക് സ്വർഗ്ഗത്തിൽ പ്രതിഫലം നൽകപ്പെടും. ദോഷിയായി മരിച്ചവനെ നരകത്തിൽ ശിക്ഷിക്കപ്പെടും. കുട്ടിയായി മരിച്ചയാൾക്ക് പ്രതിഫലവും ശിക്ഷയുമില്ല. ഇത് കേട്ടപ്പോൾ അശ്അരി (റ) ചോദിച്ചു: കുട്ടിയായി മരിച്ചവൻ അല്ലാഹുവേ, നീ എന്നെ ചെറുപ്രായത്തിൽ മരിപ്പിച്ചതെന്താണ്?എനിക്ക് ആയുസ്സ് തന്നിരുന്നെങ്കിൽ ഞാൻ വലുതായി നിന്നെ വിശ്വസിക്കുകയും നിനക്ക് വഴിപ്പെടുകയും തദ്വാരാ ഞാൻ സ്വർഗ്ഗത്തിൽ കടക്കുകയും ചെയ്യുമായിരുന്നല്ലോ? എന്ന് ചോദിച്ചാൽ അല്ലാഹുവിന്റെ മറുപടി എന്തായിരിക്കും? അപ്പോൾ ജുബ്ബാഈ നൽകിയ മറുപടി: നീ പ്രായപൂർത്തിയായാൽ ദോഷിയാവുകയും നരകാവകാശിയാവുകയും ചെയ്യുമായിരുന്നെന്ന് എനിക്കറിയാമായിരുന്നു. അതിനാൽ നീ ചെറുപ്പത്തിൽ മരിക്കലാണ് നിനക്ക് ഗുണപ്രദമായതെന്ന് അല്ലാഹു പറയും. ഉടനെ അശ്അരി (റ) മറുചോദ്യമുന്നയിച്ചു: നിനക്ക് എതിര് ചെയ്യാതിരിക്കുവാനും നരകത്തിൽ കടക്കാതിരിക്കുവാനും എന്നെ ചെറുപ്പത്തിൽ മരിപ്പിക്കാതിരുന്നതെന്താണെന്ന് ദോഷിയായി മരിച്ചയാൾ അല്ലാഹുവിനോട് ചോദിച്ചാൽ എന്ത് പറയും? ഇതിന് മുന്നിൽ ജുബ്ബാഈ ഉത്തരം മുട്ടി. അതോടെ ഇമാം അശ്അരി (റ) ജുബ്ബാഇയുടെ മുഅ്തസിലി വഴിയിൽ നിന്ന് വിടപറഞ്ഞ് അഹ് ലുസ്സുന്നത്തിലേക്ക് വരികയും അഹ് ലുസ്സുന്നത്തിന്റെ വിശ്വാസാദർശത്തിൽ നില കൊള്ളുകയും മുഅ്തസിലീ വാദങ്ങളുടെ മുനകളൊടിച്ച് ജനങ്ങളെ അഹ് ലുസ്സുന്നയിലേക്ക് നയിക്കുകയും ചെയ്തു. ശിഷ്യൻ- ഗുരു എന്നതിലുപരി വിശ്വാസത്തിനാണ് ദീനിൽ മുൻതൂക്കം എന്ന് കൂടി ഈ ചരിത്രസംഭവം വ്യക്തമാക്കുന്നു.

മറ്റൊരു വിഭാഗം മുഅ്തസിലീ വാദം ദീനിയ്യും ദുൻയവിയ്യുമായി ഗുണകരമായത് അടിമക്ക് നൽകൽ അല്ലാഹുവിന് നിർബന്ധമാണെന്നാണ്. മൊത്തത്തിൽ അടിമക്ക് പ്രയോജനപ്രദമായത് നൽകൽ അല്ലാഹുവിന് നിർബന്ധമാണെന്നതിൽ മുഅ്തസിലത്ത് ഏകോപിതരാണെങ്കിലും മേൽപറഞ്ഞ രീതിയിൽ (ദീനിയ്യും ദുൻയവിയ്യുമായ നല്ലത് ദീനിയ്യായത് മാത്രം) അവർ ഭിന്നാഭിപ്രായക്കാരാണ്. ഏതായാലും മുഅ്തസിലീ വാദം സത്യവിരുദ്ധമാണ്. കാരണം അല്ലാഹുവിന്റെ മേൽ യാതൊന്നും നിർബന്ധമില്ല എന്നതാണ് സത്യവും പ്രാമാണികവും.

(തുടരും.)


No comments:

Post a Comment