Monday, August 10, 2020

വാജിബാത്ത് മാല - 104

അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :

✦•┈•✦•┈•✦•┈•✦•┈•✦•┈•✦

 വാജിബാത്ത് മാല - 104

⊱⋅─────⊱◈◈◈⊰─────⋅⊰ 


بسم الله الرحمن الرحيم 

 

""തരം തിരിത്ത് ഉരത്തുള്ള അസ്വ് ൽ ആറാണ് എനിയത്തെ


ദ് അഹദായെ സ്വമദിന്ന് അബീദ കൊണ്ട് എന്നും


തജബ്ബുറായ് അധികാരം നടത്താം എണ്ട്


ഉറയ്ക്കലും ഹിദായത്തിൽ നടത്തിക്കൽ പെരിയോനിൽ


ഒരിക്കലും വുജൂബ് അല്ലെന്ന് അറിയലുമേ ഇതിയിൽ


ഉരത്തേ പോൽ അസ്വ് ലുസ്സാബിഉം തമാമേ""

അസ്വ് ല് ഏഴ്:


ഗുണകരമായത് നിർബന്ധമോ? [ തുടർച്ച ]


സുന്നീപക്ഷം


മഹാന്മാരായ പണ്ഡിതർ രേഖപ്പെടുത്തി: ഒരു അടിമക്ക് ഗുണകരമായത് നൽകൽ അല്ലാഹുവിന്റെ മേൽ നിർബന്ധമില്ല. നിർബന്ധമായിരുന്നെങ്കിൽ ഭൗതിക പാരത്രിക ലോകങ്ങളിൽ ശിക്ഷാർഹനായ, ദരിദ്രനായ, സത്യനിഷേധിയെ അല്ലാഹു സൃഷ്ടിക്കുമായിരുന്നില്ല. കാരണം ആ അടിമക്ക് ഗുണകരമായത് നിത്യശിക്ഷയേക്കാൾ അവനില്ലാതിരിക്കലാണ്. അതുപോലെ അല്ലാഹു അടിമകൾക്ക് അനുഗ്രഹം ചെയ്യുന്നതിലും ഹിദായത്ത് നൽകുന്നതിലും മറ്റ് വിവിധ നന്മകൾ നൽകുന്നതിലും അവൻ നന്ദിയർഹിക്കുന്നവനുമാകുമായിരുന്നില്ല. കാരണം അതൊക്കെ അവന് നിർബന്ധമായത് ചെയ്യലല്ലേ ആകൂ. അതിന് നന്ദി ചെയ്യേണ്ടതില്ലല്ലോ? ""സന്മാർഗ്ഗത്തിലാക്കൽ അല്ലാഹുവിന്റെ  അനുഗ്രഹമാണെന്ന്'' ഖുർആൻ വ്യക്തമാക്കിയതാണ്. അതിന് നന്ദി ചെയ്യൽ അവന് നിർബന്ധമാണെന്ന് പണ്ഡിതന്മാർ ഏകോപിച്ചതുമാണ്. അതിനാൽ അല്ലാഹു അവന്റെ അടിമകൾക്ക് ഗുണകരമായത് നൽകൽ നിർബന്ധമില്ല എന്ന് വ്യക്തമാണ്.

 

അടിമക്ക് പ്രയോജനപ്രദമായത് നൽകൽ അല്ലാഹുവിന്റെ മേൽ നിർബന്ധമാണെന്ന വാദത്താൽ ഉണ്ടാകുന്ന ചില കുഴപ്പങ്ങൾ കൂടി കാണുക.: നബി (സ്വ) ക്ക് നൽകിയ അനുഗ്രഹം അബൂ ജഹലിന് നൽകിയതിനേക്കാൾ മേലെയാകുമായിരുന്നില്ല. കാരണം ഓരോരുത്തർക്ക് ഗുണപ്രദമായത് അവൻ നൽകിയെന്നേയുള്ളൂ. അതിൽ ഏറ്റ വ്യത്യാസം കണക്കാക്കാനില്ല. മറ്റൊന്ന് പാപസുരക്ഷിതത്വം, തൗഫീഖ്, പ്രയാസ ദുരീകരണം, വിശാലത എന്നിവ ചോദിക്കുന്നതിന് ഒരു അർത്ഥവും ഉണ്ടാകുമായിരുന്നില്ല. കാരണം അടിമകളിൽ ഒരോരുത്തരിൽ അല്ലാഹു പ്രവർത്തിക്കാത്തത് കുഴപ്പമുള്ളതും അവ ഒഴിവാക്കൽ അല്ലാഹുവിന് നിർബന്ധവുമാണല്ലോ? നന്മയായിരുന്നെങ്കിൽ അവൻ ഒഴിവാക്കുമായിരുന്നില്ലല്ലോ? അപ്പോൾ അടിമ ബുദ്ധിമുട്ടിലകപ്പെട്ടാൽ ഈ വാദമനുസരിച്ച് അതാണ് അവന് ഗുണകരം. അതുകൊണ്ടാണ് അല്ലാഹു അവന് ബുദ്ധിമുട്ട് നൽകിയത്. അതിനാൽ ആ ബുദ്ധിമുട്ട് നീക്കാൻ ആവശ്യപ്പെടൽ നിരർത്ഥകമാണല്ലോ? എന്നാൽ ഈ കാര്യങ്ങൾ ചോദിക്കാമെന്ന് ഹദീസുകളാലും ഇജ്മാഇനാലും സ്ഥിരപ്പെട്ടതാണ്. അതിനാൽ ഇതിലും മുഅ്തസിലീ വാദം തള്ളപ്പെട്ടുപോയി. അടിമക്ക് ഗുണകരമായത് നൽകൽ അല്ലാഹുവിന് നിർബന്ധമാണെന്ന മുഅ്തസിലീ തത്വത്തിന്റെ എന്നല്ല അവരുടെ കൂടുതൽ തത്വങ്ങളുടെയും പിഴവുകൾ, കുഴപ്പങ്ങൾ വളരെ വ്യക്തമാണ്. ഇലാഹീ ജ്ഞാനങ്ങളെ കുറിച്ചുള്ള അവരുടെ പോരായ്മയും - അവർ അല്ലാഹുവിന്റെ ജലാലിയ്യത്തിനെയും അവന്റെ വിശേഷണങ്ങളുടെ പരിപൂർണ്ണതയെയും മനസ്സിലാക്കിയിട്ടില്ലാത്തതും ഇന്ദ്രിയങ്ങൾക്കതീതനായ അല്ലാഹുവിനെ തങ്ങളുടെ ബുദ്ധിക്കനുസരിച്ച് ഇന്ദ്രിയാധീനമായതിനോട് സാമ്യപ്പെടുത്തലുമാണ്  ഈ കുഴപ്പത്തിന് കാരണം. ഒരു യജമാനൻ തന്റെ അടിമക്ക് ഉപകാര പ്രദമായത് ചെയ്യൽ നിർബന്ധമാണെന്ന് അവർ പറയുന്നത് പോലെ.

 

മേൽ വിവരിച്ചത് മനസ്സിലാക്കുമ്പോൾ ഒരാളെ സന്മാർഗ്ഗത്തിലാക്കലും അല്ലാഹുവിന് നിർബന്ധമില്ലെന്ന് വ്യക്തമാകും. അതാണ് ഹിദായത്തിൽ നടത്തിക്കൽ പെരിയോനിൽ ഒരിക്കലും നിർബന്ധമില്ല എന്ന് പറഞ്ഞത്. ഇവിടെയും മുഅ്തസിലത്ത് എതിർപക്ഷത്താണ്. അവരുടെ വാദപ്രകാരം അടിമകളെ ഹിദായത്താക്കൽ അല്ലാഹുവിന് നിർബന്ധമാണ്. പക്ഷെ, ഇതും പ്രമാണവിരുദ്ധവും അബദ്ധവുമാണ്. രേഖകളുടെ പിൻബലം ഇതിലും അഹ് ലുസ്സുന്നത്തിന് തന്നെയാണ്. ""അവൻ ഉദ്ദേശിക്കുന്നവരെ സന്മാർഗ്ഗത്തിലാക്കും, ഉദ്ദേശിക്കുന്നവരെ ദുർമാർഗ്ഗത്തിലാക്കും'', ""അവനുദ്ദേശിക്കുന്നവരെ നേർവഴിയിൽ ചേർക്കും'' തുടങ്ങിയ ആയത്തുകൾ വ്യക്തമാക്കുന്നത് ഹിദായത്തും അല്ലാഹുവിന്റെ ഉദ്ദേശ്യമനുസരിച്ചാണെന്നാണ്. നിർബന്ധമായിരുന്നെങ്കിൽ ""ഉദ്ദേശിക്കുന്നവരെ'' എന്ന് അവൻ പറഞ്ഞതിന് അർത്ഥമുണ്ടാകുമായിരുന്നില്ല. മാത്രവുമല്ല, ഹിദായത്തും മറ്റും അല്ലാഹുവിന്റെ മേൽ നിർബന്ധമാണെന്ന് വന്നാൽ അവൻ സ്വയേഷ്ടം പ്രവർത്തിക്കാൻ കഴിവുള്ളവനല്ല എന്ന അസംഭവ്യത ഉണ്ടാകുകയും ചെയ്യും. അതിനാൽ അടിമകൾക്ക് ഗുണപ്രദമായത് നൽകലും സന്മാർഗ്ഗത്തിലാക്കലും അല്ലാഹുവിന് നിർബന്ധമില്ല. ഇതാണ് വിശുദ്ധ കലിമയുടെ മൂന്നാം ഫർള്വായ അല്ലാഹുവിന്റെ പ്രവൃത്തികൾ ബോധ്യപ്പെടൽ എന്നതിന്റെ ഏഴാമത്തെ അസ്വ് ലായി വന്ദ്യരായ പിതാവ് (റ) ഈ വരികളിൽ നമ്മെ പഠിപ്പിക്കുന്നത്.


(തുടരും.)

No comments:

Post a Comment